കുന്ദമംഗലം: കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് സുലൈമാനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് രംഗത്ത്. ചക്കാലക്കല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മാനേജറും മടവൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ടുമായ സുലൈമാനെതിരെയാണ് യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ധനീഷ് ലാല്‍ രംഗത്ത് വന്നത്.
ചക്കാലക്കല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യവെയാണ് ധനീഷ് ലാല്‍ രൂക്ഷ വിമര്‍ശനം നടത്തിയത്. കോണ്‍ഗ്രസ് ഭരണ കാലത്ത് സ്കൂളില്‍ ഡിവിഷന് കൂട്ടാനും സ്കൂള്‍ അപ്ഗ്രേഡ് ചെയ്യാനും പ്ലസ്ടു അനുവദിച്ചു കിട്ടാനും ടീച്ചര്‍മാരുടെ എണ്ണം കൂട്ടാനും നടക്കുന്ന കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടായ സ്കൂള്‍ മാനേജര്‍ സുലൈമാന്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ കെ.എസ്.യു പ്രവര്‍ത്തകരെ അപമാനിച്ചാല്‍ കൈയുംകെട്ടി നോക്കി നില്ക്കാന് പറ്റില്ലെന്നും പൊതു ജന മധ്യത്തില്‍ സ്കൂള്‍ മാനേജര്‍ മാപ്പ് പറയണമെന്നും ധനീഷ് ലാല്‍ ആവശ്യപ്പെട്ടു.
കെ.എസ്.യു സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം ചക്കാലക്കൽ സ്കൂളിൽ സമരം ചെയ്യാനത്തിയ കെ.എസ്.യു കൊടുവള്ളി നിയോജകമണ്ഡലം പ്രസിഡന്റ് ഫസൽ കാരാട്ടിനെയും സഹ പ്രവർത്തകരെയും സ്കൂൾ മാനേജർ കൂടിയായ സുലൈമാൻ മാസ്റ്റർ കയ്യേറ്റം ചെയ്യുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തു എന്നാരോപിച്ചാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ സ്കൂളിലേക്ക് മാർച്ച് നടത്തിയത്.