ഒപ്പം പരാതി പരിഹാര അദാലത്ത്: പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ 108 പരാതികള്‍ പരിഗണിച്ചു

By ബഷീര്‍ പുതുക്കുടി | Thursday June 20th, 2019

SHARE NEWS

പെരുമണ്ണ:  ജില്ലാ ഭരണകൂടം നടപ്പാക്കുന്ന പഞ്ചായത്ത്തല പരാതി പരിഹാര അദാലത്തായ  ഒപ്പം പെരുമണ്ണ ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്നു.  ജില്ലാ കലക്ടര്‍ എസ് .സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍  നടന്ന അദാലത്തില്‍ പരിഗണിച്ച 108  പരാതികളിൽ തുടർനടപടികൾക്ക് ജില്ലാ കളക്ടർ നിർദേശിച്ചു. 

 
ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി തുടങ്ങി ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ  സ്വത്തിനും ജീവനും സംരക്ഷണം നല്‍കുന്നതിനായുളള നിയമാനുസൃത രക്ഷാകര്‍തൃ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ചടങ്ങും  (ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ്) നിരാമയ ഇന്‍ഷൂറന്‍സ് ചേര്‍ക്കാനും പുതുക്കാനുമുള്ള അവസരവും പരാതി പരിഹാര അദാലത്തിനൊപ്പം ഒരുക്കിയിരുന്നു.

ബുദ്ധിവൈകല്യമുള്ള മകനുവേണ്ടി ധനസഹായത്തിനും സ്വന്തം ചികിത്സയ്ക്കുള്ള ധനസഹായത്തിനും  വേണ്ടിയുള്ള അപേക്ഷയുമായാണ് പെരുമണ്ണ സ്വദേശിനി  തങ്കം വന്നത്. പരാതി കേട്ട ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായം ഏര്‍പ്പെടുത്താനും പെന്‍ഷന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാകലക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പെരുമണ്ണ പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ ഏക ആശ്രയമായ ബഡ്‌സ് സ്‌കൂളിലേക്കുള്ള സഹായ അഭ്യര്‍ത്ഥനയുമായാണ് ബഡ്‌സ് സ്‌കൂള്‍ വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങള്‍ എത്തിയത്. ഫിസിയോതെറാപ്പിസ്റ്റിനെ കൊണ്ടു വരാനുള്ള ബുദ്ധിമുട്ടും ചെലവും കാരണം ഫിസിയോതെറാപിസ്റ്റിന്റെ് സേവനം പലരും ഉപയോഗപ്പെടുത്തുന്നില്ലെന്നും  ഭിന്നശേഷിക്കാരുടെ  കുടുംബങ്ങള്‍ക്ക് റേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിന് ആവശ്യമായ നടപടി കൈക്കൊള്ളണമെന്നും അവര്‍ പറഞ്ഞു. ഫിസിയോതെറാപ്പിസ്റ്റിനെ കൊണ്ടു വരുവാന്‍  ആവശ്യമായ വാഹന സൗകര്യം ഏര്‍പ്പെടുത്താന്‍ പഞ്ചായത്ത് അധികൃതര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഭിന്നശേഷിക്കാരുടെ  കുടുംബങ്ങളെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

പെരുമണ്ണ പുല്ലാങ്കുഴി പറമ്പ് സ്വദേശി ധന്യ വന്നത് വീട്ടിലേക്കുള്ള റോഡ് കോണ്‍ക്രീറ്റ് ചെയ്ത് കിട്ടാനും മകന്റെ വികലാംഗപെന്‍ഷന്‍ ശരിയാക്കാനുമാണ്. മൂന്ന് ഭിന്നശേഷിക്കാര്‍ക്ക് കൂടെ ഉപയോഗപ്രദമായ റോഡാണ് ഇത്.
റോഡ് സന്ദര്‍ശിച്ച് നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ബോര്‍ഡ് മീറ്റിംഗ് ചേര്‍ന്ന് മുന്‍കാല പ്രാബല്യത്തില്‍ വികലാംഗ പെന്‍ഷന്‍  ലഭ്യമാക്കാനും പഞ്ചായത്ത് അധികൃതര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

അദാലത്തില്‍  വിവിധ വിഷയങ്ങളിലായി 108 പരാതികള്‍ ലഭിച്ചു പരാതികള്‍ കേട്ട ശേഷം അവയിലെ തുടര്‍നടപടികള്‍ സംബന്ധിച്ച് കലക്ടര്‍ ബന്ധപ്പെട്ട വകുപ്പു മേധാവികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കി.

കോഴിക്കോട് ജില്ലയിലെ മുഴുവന്‍ പഞ്ചായത്ത്/മുനിസിപ്പാലിറ്റികള്‍ കേന്ദ്രീകരിച്ച് കലക്ടറുടെ നേതൃത്വത്തില്‍  പൊതുജനങ്ങളുടെ പരാതികളിലും അപേക്ഷകളിലും കാലതാമസമില്ലാതെ തീരുമാനം എടുക്കുന്നതിനും വിവിധ വകുപ്പുകളിലെ ഓഫീസുകളില്‍ ഫയല്‍തീര്‍പ്പാക്കുന്നതില്‍ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയും ആവിഷ്‌കരിച്ചതാണ് ഒപ്പം അദാലത്ത്.  മാസത്തിൽ രണ്ടു തവണ അദാലത്ത്  സംഘടിപ്പിക്കുo

പെരുമണ്ണ  ഗ്രാമപഞ്ചായത്തിലെ പരാതികളാണ് അദാലത്തില്‍ സ്വീകരിച്ചത്. പൊതു വിതരണവുമായി ബന്ധപ്പെട്ടതായിരുന്നു ഭൂരിഭാഗം പരാതികളും. അദാലത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ ഷമിന്‍ സെബാസ്റ്റിയന്‍, പെരുമണ്ണ ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് കെ അജിത, വൈസ് പ്രസിഡന്റ് എന്‍ വി ബാലന്‍ നായര്‍, പഞ്ചായത്ത് സെക്രട്ടറി ഇന്‍ചാര്‍ജ് ബിനു  ടി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ കുമ്മുങ്ങല്‍ അഹമ്മദ്, ശോഭനകുമാരി,  ഉഷാകുമാരി കരിയാട്, വില്ലേജ് ഓഫീസര്‍ ജയരാജന്‍ കെ, കൃഷി ഓഫീസര്‍ ലെജി എസ് പെരേര,
തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികള്‍,  എസ്എച് ഒ മാര്‍,  എഞ്ചിനീയര്‍മാര്‍, , എസ്.സി/ എസ്.ടി പ്രമോട്ടര്‍മാര്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍  പങ്കെടുത്തു.  

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read