കുന്ദമംഗലം: പുതിയ ഓഫറുകളുമായി മണി ചെയിന്‍ സംഘങ്ങള്‍ കുന്ദമംഗലത്തും പരിസരത്തും സജീവമാകുന്നു. ഇത്തരം തട്ടിപ്പുകള്‍ തടയാനായി സര്‍ക്കാര്‍ നല്കിയ മാര്‍ഗരേഖയിലെ നിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് മണി ചെയിന്‍ സംഘങ്ങള്‍ വീണ്ടും എത്തിയിരിക്കുന്നത്. വളരെ പെട്ടെന്ന് സമ്പത്ത് നേടാമെന്നും മറ്റുള്ളവരെ ചേര്‍ക്കുന്നതിലൂടെ ലാഭം നേടാമെന്നും പറഞ്ഞ് നടത്തുന്ന ധന ഇടപാട് നിരോധിച്ചതായി 2015 ല്‍ നികുതി വകുപ്പിറക്കിയ മാര്‍ഗ്ഗരേഖയില്‍ പറയുന്നു.
പുതിയ കമ്പനികള്‍ രജിസ്ട്രേഷന് ചെയ്തിരിക്കുന്നത് കോയമ്പത്തൂരിലും ചെന്നയിലുമൊക്കെയാണ്. ആറായിരം രൂപ നല്കിയാല് ദിവസേന 90 രൂപ വീതം 150 ദിവസം എക്കൌണ്ടില്‍ പണം നല്‍കുമെന്നാണ് ഒരു കമ്പനി വാഗ്ദാനം ചെയ്യുന്നത്. ആറായിരത്തിന്റെ ഗുണിതങ്ങളായി എത്ര വേണമെങ്കിലും നിക്ഷേപിക്കാം. ഇങ്ങനെ നിക്ഷേപിച്ച പലര്‍ക്കും ഇപ്പോള്‍ പണം വരുന്നുണ്ട്. കൂടാതെ ആളെ ചേര്‍ക്കുമ്പോള്‍ കമ്മീഷനായി വേറെ തുകയും ലഭിക്കും.
മറ്റൊരു കമ്പനി ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 20000 രൂപ വീതം പത്ത് മാസമാണ് ഓഫര്‍ ചെയ്യുന്നത്. ഇതില്‍ കുന്ദമംഗലം ഭാഗത്ത് നിന്ന് മാത്രം നൂറുക്കണക്കിനാളുകള്‍ പണം നിക്ഷേപിച്ചിട്ടുണ്ട്. പലര്‍ക്കും പണം എക്കൌണ്ടില്‍ വന്നിരുന്നെങ്കിലും ഒരു മാസത്തോളമായി പണം വാരാതെ ആയതോടെയാണ് പലരും വിവരം പുറത്ത് പറയുന്നത്. കൂടുതല്‍ ആളുകള്‍ നിക്ഷേപകരായി എത്തിയതോടെ ഈ കമ്പനി ഇപ്പോള്‍ ഒരു ലക്ഷത്തിന് മാസത്തില്‍ അയ്യായിരം രൂപ ലാഭം നല്‍കുമെന്നാണ് പറയുന്നത്.
സംഘത്തിന്റെ പ്രവര്‍ത്തനം പോലീസിന്റെ ശ്രദ്ധയില്പ്പെട്ടതായിട്ടാണ് ലഭിക്കുന്ന വിവരം. മുമ്പ് സംസ്ഥാനത്ത് വലിയ തോതില്‍ മണി ചെയിന്‍ തട്ടിപ്പ് നടന്നിരുന്നു. ഇതു തടയാനായിട്ടാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്.