ചാത്തമംഗലം: പൊതു സേവന രംഗത്ത് ഒത്തിരി സേവന പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ച് കോഴിക്കോട് പാവങ്ങാട് പ്രവര്‍ത്തിക്കുന്ന ഗിഫ്റ്റ് ഓഫ് ഹാർട്ട് ചാരിറ്റബിൾ സൊസൈറ്റി ‘സ്നേഹപൂര്‍വ്വം സ്കൂള്‍ കിറ്റ്’ പദ്ധതിയുടെ ഭാഗമായി രണ്ടാം വർഷവും ചാത്തമംഗലം പാലിയേറ്റീവ് കെയറിലെ കിടപ്പിലായ രോഗികളുടെ കുട്ടികൾക്ക് സ്കൂൾ കിറ്റ് വിതരണം ചെയ്തു. നിർദ്ധരായ വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് ആവശ്യമായ പഠനോപകരണങ്ങൾ നൽകുന്ന പദ്ധതിയാണ് സ്നേഹപൂർവ്വം സ്കൂൾ കിറ്റ് പദ്ധതി.
ചാത്തമംഗലം പാലിയേറ്റീവ് കെയറിലെ കിടപ്പിലായ രോഗികളുടെ കുട്ടികൾ കൂടാതെ ഫറോക്ക്,പയ്യാനക്കൽ, കരപറമ്പ്, പാവങ്ങാട്, മലപ്പുറം വണ്ടൂർ എന്നീ ഭാഗങ്ങളിൽ നിന്നു തിരെഞ്ഞെടുത്ത 42 കുട്ടികൾക്കാണ് സ്കൂൾ കിറ്റ് വിതരണം ചെയ്തത്. ചാത്തമംഗലം പാലീയേറ്റീവ് കെയറിൽ നടന്ന ചടങ്ങിൽ ഗിഫ്റ്റ് ഓഫ് ഹാർട്ട് വൈസ് പ്രസിഡന്റ് നൗഷാദിൽ നിന്നു ചാത്തമംഗലം പാലീയേറ്റീവ് കെയര്‍ വൈസ് പ്രസിഡണ്ട് പ്രേമചന്ദ്രൻ കിറ്റുകള്‍ ഏറ്റുവാങ്ങി. ചാത്തമംഗലം പാലിയേറ്റീവ് കെയര്‍ വൈസ് പ്രസിഡണ്ട് അബുബക്കര്‍ അദ്ധ്യക്ഷത വഹിച്ചു. വാസുദേവൻ, ലിബിയ മൊയ്തീൻ, പ്രബീഷ് അത്താണിക്കൽ, ബൈജു പിലാശ്ശേരി എന്നിവർ സംസാരിച്ചു. ചാത്തമംഗലം പാലീയേറ്റീവ് സെക്രട്ടറി വിനോദ് മാസ്റ്റർ സ്വാഗതവും ബാലൻ നന്ദിയും പറഞ്ഞു.
ഇതു കൂടാതെ രക്തദാനം മഹാദാനം എന്ന പേരിൽ രക്തം ആവശ്യം ഉള്ളവർക്ക് രക്തദാതാക്കളെ എത്തിച്ചു കൊടുക്കുകയും, സ്നേഹാമൃതം എന്ന പേരിൽ ത്വക്ക് രോഗാശുപത്രിയിലെ അന്തേവാസികൾക്ക് ഭക്ഷണം നൽകുന്നൾപെടെ ഒത്തിരി സേവന പ്രവർത്തനങ്ങൾ ഗിഫ്റ്റ് ഓഫ് ഹാർട്ട് ചാരിറ്റി എന്ന സംഘടന നടത്തുന്നുണ്ടെന്ന് ഗിഫ്റ്റ് ഓഫ് ഹാർട്ട് ചാരിറ്റി സെക്രട്ടറി പ്രജീഷ് പാലാട്ട് പറഞ്ഞു.