കോഴിക്കോട്: ഹരിത കേരളം മിഷന്റെ വീഡിയോ സന്ദേശ യാത്ര ഹരിതായനം ജില്ലയില്‍ പര്യടനം ആരംഭിച്ചു. സിവില്‍ സ്റ്റേഷനില്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു പര്യടനം ഫ്ളാഗ് ഓഫ് ചെയ്തു. ഹരിതകേരളം മിഷന് പ്രവര്‍ത്തനങ്ങളും ആശയങ്ങളും ബോധവത്കരണ സന്ദേശങ്ങളും പ്രചരിപ്പിക്കുന്നതാണ് വാഹനം. ഇരുവശത്തും ഡിജിറ്റല്‍ സ്ക്രീന്‍ ഘടിപ്പിച്ചിട്ടുളള വാഹനം പ്രധാന കവലകളില്‍ വീഡിയോ പ്രദര്‍ശനത്തിനെത്തും.
ഹരിതകേരളം മിഷനെ കുറിച്ചും ഹരിത പെരുമാറ്റച്ചട്ടം, ശുചിത്വ മാലിന്യ സംസ്കരണത്തിനായി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ രൂപീകരിച്ച ഹരിത കര്‍മ്മസേന, സുരക്ഷിത ഭക്ഷ്യോല്പാദനം, അധിക നെല്‍കൃഷി വ്യാപനം, ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, പുഴ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ എന്നീ വിഷയങ്ങളെ കുറിച്ചുളള വീഡിയോകളും മറ്റ് ബോധവല്‍ക്കരണ സന്ദേശങ്ങളുമാണ് ഹരിതായനത്തിലൂടെ പ്രദര്‍ശിപ്പിക്കുന്നത്. പരിപാടിയില്‍ അസിസ്റ്റന്റ് കലക്ടര്‍ അജ്ഞു കെ.എസ്, ഹരിത കേരളം ജില്ലാമിഷന് കോര്‍ഡിനേറ്റര്‍ പി.പ്രകാശ്, റിസോഴ്സ് പേഴ്സണ്‍ പി.പ്രിയ തുടങ്ങിയവര്‍ പങ്കെടുത്തു.