കോഴിക്കോട്: വേനല്‍ ചൂടില്‍ തളരുന്നവര്‍ക്ക് കുടിനീര് നല്കി ജയില്‍ വകുപ്പ്. ചൂട് കനക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് ജയില്‍ ഡിജിപിയുടെ സര്‍ക്കുലര്‍ പ്രകാരമാണ് കോഴിക്കോട് ജില്ലാ ജയില്‍ 10 രൂപയ്ക്ക് ഒരു ലിറ്റര്‍ വെള്ളം ലഭ്യമാക്കിയത്. ജില്ലാ ജയിലിലെ വാഹനവും ആവശ്യമായ ഉദ്യോഗസ്ഥരെയും ഇതിനായി നിയമിച്ചിരുന്നു.
ജില്ലാ ജയിലിലെ ചപ്പാത്തി കൗണ്ടര്‍ മുഖേന വിതരണം ചെയ്തിരുന്ന കുടിവെള്ളം, വേനല്‍ചൂട് കണക്കിലെടുത്ത് പുറത്തേക്കുകൂടി വ്യാപിപ്പിക്കുകയാണ്. തൊടുപുഴയിലെ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കോര്പറേഷന് ലിമിറ്റഡ് തയ്യാറാക്കുന്ന ‘ഹില്ലി എക്വ’യുടെ വെള്ളമാണ് വിതരണം ചെയ്യുന്നത്. മൂന്നു ദിവസമായി ആരംഭിച്ച കുടിവെള്ള വിതരണത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഒരു ദിവസം ശരാശരി 250 ലിറ്ററിനടുത്ത് ഇപ്പോള്‍ ചെലവാകുന്നുണ്ട്.
ചൂട് കനക്കുന്നതിനാല്‍ വില്‍പ്പന ഇനിയും വര്‍ധിക്കാനാണ് സാധ്യത. വില്‍പ്പന കൂടുന്നതിനനുസരിച്ച് കൗണ്ടറുകള്‍ കൂട്ടുമെന്ന് അധികൃതര്‍ അറിയിച്ചു. ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ കെ ചിത്രന്, അസിസ്റ്റന്റ് സൂപ്രണ്ട് എം കെ മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ക്കാണ് വിതരണത്തിന്റെ ചുമതല.