പ്രളയത്തിന് ശേഷം കൊടും വെയില്‍..! എന്തുകൊണ്ട് കേരളത്തിലീ കാലാവസ്ഥാ വ്യതിയാനം

By ഫെബിന്‍ രാജ്‌ | Wednesday September 12th, 2018

SHARE NEWS

കേരളം കണ്ടതില്‍വെച്ച് ഏറ്റവും വലിയ മഴയാണ് ഇപ്രാവശ്യം പെയ്ത് തോര്‍ന്നത്. ചരിത്രമായ മഴയും നാടിനെ തകര്‍ത്ത പ്രളയത്തിനും ഒടുവില്‍ കൊടും വേനലിനെയാണ് നമ്മള്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. ഈ കാലാവസ്ഥാ വ്യതിയാനം കേരളീയരില്‍ ഇപ്പോള്‍ ആശങ്കയുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. എന്തുകൊണ്ടാണ് കേരളം ഇതുവരെ കാണാത്ത മഴ പെയ്തത്? എന്തുകൊണ്ടാണ് മഴ നിലച്ചയുടനെ കടും വെയില്‍ കനക്കുന്നത്?

സാധാരണ ഗതിയില്‍ മഴ ജൂണില്‍ ആരംഭിച്ച് ജൂലൈയില്‍ ശക്തി പ്രാപിക്കുകയും പിന്നീട് ആഗസ്റ്റില്‍ കുറഞ്ഞ് സെപ്റ്റംബറില്‍ അവസാനിക്കുകയും ചെയ്യുകയായിരുന്നു പതിവ്. എന്നാല്‍ ഇപ്രാവശ്യം മെയ് അവസാനം തുടങ്ങിയ മഴ ജൂണില്‍ തന്നെ ശക്തി പ്രാപിച്ചു. പിന്നീട് പെട്ടന്ന് കുറഞ്ഞ മഴ ആഗസ്റ്റ് 14, 15, 16 തിയ്യതികളില്‍ നമ്മള്‍ ഇതുവരെ കാണാത്ത രീതിയില്‍ പെയ്‌തൊഴിഞ്ഞു. പിന്നീടാണ് കേരളം കാണാത്ത പ്രളയമുണ്ടായത്. അതിന് ശേഷം പെട്ടന്ന് തന്നെ മഴ നിന്നു വേനല്‍ കാലത്തിന് സമാനമായ വെയില്‍ വന്നത്. കിണറിലെയും പുഴയിലെയുമാല്ലാം വെള്ള പെട്ടന്ന് തന്നെ വറ്റിയത് അതിനാല്‍ ഏറെ ആശങ്കയുണ്ടാക്കി.

അതി ശക്തമായ ന്യൂനമര്‍ദ്ധവും തെക്കുപടിഞ്ഞാറന്‍ കാറ്റുമായിരുന്നു കേരളമാകെ മഴ പെയ്യിച്ചത്. കേരളത്തിന്റെ സമീപ പ്രദേശമായ കുടകിലും മറ്റും സമാന രീതിയില്‍ പെയ്ത മഴ ഇപ്പോള്‍ ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നീ ഭാഗത്തേക്ക് നീങ്ങി. ഇത്തരത്തില്‍ കേരളത്തിലെ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാന കാരണം ആഗോളതാപനം തന്നെയാണ്. എന്നാല്‍ പ്രളയം രൂക്ഷമാകാനും നാശനഷ്ടങ്ങള്‍ വര്‍ധിക്കാനുമുള്ള പ്രധാന കാരണം കേരളത്തില്‍ ഭൂവിനിയോഗത്തില്‍ വന്ന മാറ്റം തന്നെയാണ്. കേരളത്തില്‍ കൃഷിസ്ഥലവും വാസസ്ഥലവും ഒരേപോലെയാണ്. കൃഷിയിടങ്ങളില്‍ തന്നെ പാര്‍പ്പിടങ്ങള്‍ നിര്‍മിച്ചത് വെള്ളം കയറാന്‍ പ്രധാന കാരണമായി. കൃഷിസ്ഥലവും വാസസ്ഥലവും രണ്ടായി തിരിച്ചാല്‍ മാത്രമേ ഇത്തരത്തിലുള്ള പ്രളയത്തിലും മറ്റും നമുക്കുണ്ടാവുന്ന ആഘാതം കുറയ്ക്കാന്‍ കഴിയുകയുള്ളു, എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ അത് അപ്രയോഗികമാണ്.

മഴയ്ക്ക് ശേഷം വേനല്‍ കടുത്തപ്പോള്‍ വെള്ളം പെട്ടന്ന് തന്നെ വറ്റുവാനുണ്ടായ കാരണം ജലസ്രോതസ്സുകളുടെ അടിത്തട്ട് നഷ്ടപ്പെട്ടതാണ്. വശങ്ങളിടിഞ്ഞും മറ്റും ആഴം കൂടുകയും ചെയ്തു. മഴ നിന്നതോടെ മേഘങ്ങളുടെ അഭാവത്തില്‍ നേരിട്ടെത്തിയ വെയിലില്‍ വെള്ളം വറ്റാനും കാരണമായി. പ്രളയാനന്തരം കേരളത്തില്‍ ഭൂരിഭാഗം ജില്ലകളിലും കാലവസ്ഥയിലും പ്രകൃതി ഘടനയിലും വലിയ മാറ്റം തന്നെ വന്നു.സാധാരണയായി കേരളത്തില്‍ കണ്ടുവരുന്ന കാലവസ്ഥ മാറി എന്നുതന്നെ പറയാം.

 

പ്രകൃതിയെ കൂടുതല്‍ ശ്രദ്ധിച്ച് തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ മാത്രമേ പഴയ ഭൂമിയെ നമുക്ക് വീണ്ടെടുക്കാന്‍ കഴിയുകയുള്ളു. വയനാട്, മലപ്പുറം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളില്‍ മണ്ണ് സംരക്ഷണത്തിന് ഏറെ പ്രാധാന്യം കൊടുക്കേണ്ടിവരും. അതുപോലെ ആലപ്പുഴ, എറണാകുളം, പൊന്നാനി, എന്നിവിടങ്ങളില്‍ ജലസംരക്ഷണവും ്അത്യന്താപേക്ഷിതമായിരിക്കും. കൂടാതെ മണ്ണെടുപ്പും മണ്ണൊലിപ്പും തടഞ്ഞ് പ്രകൃതിയെ പഴയ പടിയില്‍ കൊണ്ടുവരണം. എങ്കില്‍ മാത്രമേ ദൈവത്തിന്റെ സ്വന്തം നാട് എന്ന് നമ്മള്‍ വിളിച്ച കേരളത്തെ നമുക്ക് പഴയ പ്രൗഡിയിലേക്ക് തിരികെ കൊണ്ടുവരാന്‍ സാധിക്കുകയുള്ളു.
(വിവരങ്ങള്‍ നല്‍കിയത്- cwrdm ലെ സൈന്റിസ്റ്റ് അബ്ദുള്‍ ഹമീദ്)

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read