കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ 8.2 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന മിനി സിവില്‍സ്റ്റേഷന്റെ രണ്ടാംഘട്ട പ്രവര്‍ത്തി ഉദ്ഘാടനം ജൂണ്‍ 28 ന് വ്യാഴാഴ്ച രാവിലെ ഒമ്പതരക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് നിര്‍വ്വഹിക്കും. 4.2 കോടി രൂപയാണ് രണ്ടാം ഘട്ട പ്രവര്‍ത്തിക്ക് വേണ്ടി വകയിരുത്തിയിരിക്കുന്നത്. മുഹമ്മദ് ലൈസാണ് രണ്ടാം ഘട്ട പ്രവര്‍ത്തിയുടെ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്.
അഞ്ച് നിലകളിലായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ രണ്ടു നിലകളുടെ ജോലി ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. ഇപ്പോള്‍ പണി പൂര്‍ത്തിയായ കെട്ടിടത്തില്‍ ഗ്രൗണ്ട് ഫ്ളോറില്‍ സബ് ട്രഷറി, കൃഷിഭവന്, ബ്ലോക്ക് ഓഫീസ്, പോലീസ് എയ്ഡ് പോസ്റ്റ് എന്നിവയും, ഒന്നാം നിലയില്‍ വില്ലേജ് ഓഫീസ്, തദ്ദേശ സ്വയംഭരണ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഓഫീസ്, തൊഴിലുറപ്പ് പദ്ധതി ഓഫീസ്, മീറ്റിംഗ് ഹാള്‍ എന്നിവയും പ്രവര്‍ത്തിക്കും ഇതിന്റെ ഇലക്ട്രിക്കല്‍ ജോലിയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. വൈദ്യുതി ലഭിച്ചാല്‍ ഈ കെട്ടിടത്തിന്റെ ഉദ്ഘാടനവും ഉടന്‍ ഉണ്ടാവും.
577 ചതുരശ്ര മീറ്റര്‍ വീതം വിസ്തൃതിയുള്ള 5 നിലകളായി കോണ്‍ക്രീറ്റ് പ്രബലിത ചട്ടക്കൂട്ടായാണ് കെട്ടിടം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. രണ്ടാംഘട്ട പ്രവര്‍ത്തി ആരംഭിക്കുന്ന രണ്ടാം നിലയില്‍ എ.ഇ.ഒ ഓഫീസ്, ഐ.സി.ഡി.എസ് ഓഫീസ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ഓഫീസ്, പട്ടികജാതി വികസന ഓഫീസ്, എല്‍.എസ്.ജി.ഡി അസി. എഞ്ചിനീയര്‍ ഓഫീസ് എന്നിവയും മൂന്നാം നിലയില്‍ എക്സൈസ് ഓഫീസ്, അഡീഷനല്‍ താലൂക്ക് സര്‍വ്വേയര്‍ ഓഫീസ്, അഗ്രീകള്‍ച്ചര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ്, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയും നാലാം നിലയില്‍ ഭാവിയില്‍ ആവശ്യമായി വരുന്ന മറ്റ് ഓഫീസുകള്‍ക്കായുള്ള സൗകര്യങ്ങളുമായാണ് പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്.
കേരളത്തിലെ ഏക സബ്താലൂക്ക് ആസ്ഥാനവും നാഷണല്‍ ഹൈവേ 766 ലെ സുപ്രധാന ജംഗ്ഷനും ദേശീയ അന്തര്‍ദേശീയ പ്രാധാന്യമുള്ള നിരവധി സ്ഥാപനങ്ങളുടെ കേന്ദ്രവുമായ കുന്ദമംഗലത്ത് ഒരു മിനി സിവില്സ്റ്റേഷന് ഇല്ലാത്തത് വലിയൊരു പോരായ്മയായിരുന്നു. വിവിധ ഭാഗങ്ങളിലായി ഒറ്റപ്പെട്ടു നില്ക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ ഒരു മേല്‍ക്കൂരക്ക് കീഴില്‍ കൊണ്ടണ്ടുവരിക എന്ന ഉദ്ദേശത്തോടെയുള്ള പ്രവര്‍ത്തനത്തിന് സ്ഥലം ലഭ്യമാക്കുക എന്നതായിരുന്നു ആദ്യ കടമ്പ. പി.ടി.എ റഹീം എം.എല്‍.എയുടെ അഭ്യര്‍ത്ഥന പ്രകാരം വി. ബാലകൃഷ്ണന് നായര്‍ പ്രസിഡന്റായ ബ്ലോക്ക്പഞ്ചായത്ത് ഭരണസമിതി സ്ഥലം വിട്ടുനല്‍കുന്നതിന് തീരുമാനമെടുക്കുകയും ആയത് സര്‍ക്കാറിന്റെ അംഗീകാരത്തിനായി നല്‍കുകയും ചെയ്തു. സര്‍ക്കാര്‍ ഇക്കാര്യം പരിഗണിച്ചുകൊണ്ട് 30-11-2012 ലെ 3281/2012/ത.സ്വ.ഭ.വ ഉത്തരവ് പ്രകാരം കുന്ദമംഗലം മിനിസിവില്‍ സ്റ്റേഷന് നിര്‍മ്മാണത്തിന് 50 സെന്റ് സ്ഥലം വിട്ടുനല്‍കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.