കുന്ദമംഗലം: കുന്ദമംഗലത്ത് പിടിയിലായ കള്ളനോട്ട് സംഘത്തില്‍ ഇതരസംസ്ഥാനക്കാരും കണ്ണികളെന്ന് സംശയം. മുഖ്യപ്രതി ഷമീറിന് ബെംഗളൂരുവിലും ചെന്നൈയിലും ബന്ധങ്ങളുള്ളതായി കണ്ടതോടെ ഇവിടേക്കും അന്വേഷണം വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് പോലീസ്. കമ്മീഷന് വ്യവസ്ഥയില്‍ കള്ളനോട്ട് വിതരണം ചെയ്ത സംസ്ഥാനത്തെ കൂടുതല്‍ ഏജന്സികളേക്കുറിച്ചും അന്വേഷണം തുടങ്ങി.
ആറ്റിങ്ങല്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്ന് ഇന്നലെയാണ് 18 ലക്ഷത്തോളം രൂപയുടെ കള്ളനോട്ടും നോട്ടടി യന്ത്രങ്ങളും പൊലീസ് കണ്ടെടുത്തത്. നോട്ടടിക്ക് നേതൃത്വം നല്‍കിയിരുന്ന കുന്ദമംഗലം സ്വദേശി ഷമീര്‍ ഉള്‍പ്പെടെ അഞ്ച് പേര് പിടിയിലായെങ്കിലും ഇതിന് പിന്നില്‍ വിപുലമായ സംഘമെന്നാണ് പൊലീസിന്റെ നിഗമനം. ഇതരസംസ്ഥാന ബന്ധത്തിലേക്ക് വിരല്‍ചൂണ്ടുന്ന തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
നോട്ടടി ഉപകരണങ്ങള്‍ ഷമീറിന് ലഭിച്ചത് ബെംഗളൂരുവില്‍ നിന്നെന്നാണ് മൊഴി. ചെന്നൈ ഉള്‍പ്പെടെയുള്ള തമിഴ്നാട് മേഖലകളില്‍ സുഹൃത്തുക്കളുള്ളതായും തെളിവ് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇതരസംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നത്. ഒരു ലക്ഷത്തി പതിനായിരം രൂപയുടെ യഥാർഥ നോട്ട് നല്കിയാല് മൂന്ന് ലക്ഷം രൂപയുടെ കള്ളനോട്ട് തിരികെ നല്‍കുന്നതായിരുന്നു സംഘത്തിന്റെ രീതി.
വിതരണം ചെയ്യുന്ന ഏജന്റിന് ഇരുപത്തയ്യായിരം രൂപ വരെ കമ്മീഷനും നല്‍കും. പിടിയിലായ പ്രതികള്‍ തിരുവനന്തപുരത്തും കോഴിക്കോടുമുള്ളവരായതിനാല് മറ്റ് ജില്ലകളിലും ഏജന്റുമാരുണ്ടാകുമെന്നും കരുതുന്നു. റിമാന്‍ഡിലായ അഞ്ച് പ്രതികളെയും ഉടന്‍ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം ഇതേക്കുറിച്ച് അന്വേഷിക്കും. പ്രാഥമിക കണ്ടെത്തലുകളടങ്ങുന്ന റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം നല്കാന് തിരുവനന്തപുരം റൂറല്‍ എസ്.പിയോടും കോഴിക്കോട് കമ്മീഷ്ണറോടും ഡി.ജി.പി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷം ആവശ്യമെങ്കിലും പ്രത്യേകസംഘത്തെ അന്വേഷണം ഏല്‍പ്പിക്കും.