SHARE NEWS
കുന്ദമംഗലം: കുന്ദമംഗലത്ത് പോലീസ് നടപ്പിലാക്കിയ പുതിയ ട്രാഫിക് പരിഷ്കാരം വിജയിച്ചു. രാവിലെ ഒമ്പത് മണി മുതല്‍ പത്ത് മണി വരേയും വൈകുന്നേരം മൂന്നു മണി മുതല്‍ അഞ്ച് മണി വരേയും കൊടുവള്ളി, മുക്കം, നരിക്കുനി ഭാഗത്തേക്ക് പോകുന്ന ബസ്സുകള്‍ പുതിയ ബസ്സ് സ്റ്റാന്‍ഡില്‍ കയറ്റാതെ റോഡരികില്‍ നിറുത്തി ആളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതാണ് പുതിയ രീതി.
ഇതോടെ സ്കൂള്‍ തുറന്നത് മുതല്‍ കുന്ദമംഗലത്ത് രൂപപ്പെട്ട ഗതാഗത കുരുക്ക് പൂര്‍ണ്ണമായും ഒഴിവായി. ഇതോടെ റോഡിന്റെ എതിര് ദിശയിലുള്ള ഈ ബസ്സ് സ്റ്റാന്‍ഡ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. ബസ്സ് സ്റ്റാന്‍ഡ് മാറ്റി സ്ഥാപിച്ചാല്‍ കുന്ദമംഗലത്തെ ഗതാഗത കുരുക്ക് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ സാധിക്കും. ബസ്സുകള്‍ സ്റ്റാന്‍ഡില്‍ കയറാതെയാവുന്നതോടെ ഇവിടുത്തെ കച്ചവടക്കാര്‍ ദുരിതത്തിലായിരിക്കുകയാണ്. മഴക്കാലം ആയതോടെ കച്ചവടം കുറഞ്ഞ സമയത്ത് ബസ്സുകള്‍ കൂടി സ്റ്റാന്‍ഡില്‍ കയറാതെയാവുന്നതോടെ പിടിച്ചു നില്ക്കാന് സാധിക്കില്ലെന്ന് കച്ചവടക്കാര്‍ പറയുന്നു.
പല കച്ചവടക്കാരും ദിവസം അഞ്ഞൂറിലധികം രൂപ നല്‍കിയാണ് ഇവിടെ കച്ചവടം നടത്തുന്നത്. പഞ്ചായത്തില്‍ തുച്ഛമായ വാടകക്ക് വാങ്ങിയ മുറികള്‍ മിക്കയാളുകളും വലിയ വാടകയും അഡ്വാന്‍സും വാങ്ങിയാണ് മറിച്ചു നല്‍കിയിരിക്കുന്നത്. കുന്ദമംഗലത്തെ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ ബൈപ്പാസ് വേണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ പുതിയ ബസ്സ് സ്റ്റാന്‍ഡില്‍ അറ്റകുറ്റ പണി നടന്നപ്പോള്‍ ഒരുമാസത്തോളം ബസ്സുകള്‍ സ്റ്റാന്‍ഡില്‍ കയറാതെയായതോടെ ഗതാഗത കുരുക്ക് ഒഴിവായിരുന്നു. ഇത് മനസ്സിലാക്കിയ പോലീസും പഞ്ചായത്ത് അധികൃതരും പുതിയ പരിഷ്കാരം കൊണ്ടുവരികയായിരുന്നു. ഇത് വിജയം കാണുകയും ചെയ്തു. ഇനി ബൈപ്പാസ് എന്ന ആശയം മാറ്റിവെച്ച് ഇതേ വശത്ത് ബസ്സ് സ്റ്റാന്‍ഡ് നിര്‍മ്മിക്കാന്‍ സ്ഥലം കണ്ടെത്തി വ്യാപാരികളെ ഇവിടേക്ക് മാറ്റിയാല്‍ കുന്ദമംഗലത്തെ ഗതാഗത കുരുക്കിന് പരിഹാരമാവും.