കുന്ദമംഗലം ലഹരി മാഫിയയുടെ പിടിയില്‍; നമ്മുടെ കുട്ടികള്‍ എങ്ങോട്ട്?

By | Saturday February 10th, 2018

SHARE NEWS

എം. സിബ്ഗത്തുള്ള 

കുന്ദമംഗലം: കുന്ദമംഗലത്തും പരിസരത്തും കുട്ടികളില്‍ ലഹരി ഉപയോഗം അടുത്ത കാലങ്ങളില്‍ വര്‍ദ്ധിച്ചു വരികയാണ്‌.

അന്താരഷ്ട്ര നിലവാരത്തിലുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍, എയ്ഡഡ് സ്വകാര്യ മേഖലയിലുള്ള കോളേജുകളും ഹയര്‍സെക്കന്‍ഡറി, ഹൈ സ്കൂളുകളും പ്രവര്‍ത്തിക്കുന്ന ഈ പ്രദേശത്ത് ലഹരി മാഫിയയുടെ വലയിലാണെന്നാണ് അധികൃതരുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

സ്കൂളുകളുടെ പരിസരത്ത് നിന്ന് ലിഫ്റ്റ് ചോദിക്കുന്ന കുട്ടികളെയാണ് ലഹരി മാഫിയ വലയിലാക്കുന്നത്. ബൈക്കില്‍ കയറുന്ന കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുന്ന ഇവര്‍ ക്രമേണ ഇവരുടെ കൂട്ടുകാരിലേക്കും ചങ്ങാത്തം സ്ഥാപിക്കുകയും ലഹരിയുടെ ആദ്യാനുഭവം നല്‍കുകയും ചെയ്യും.കുട്ടികള്‍ ലഹരിക്കടിമപ്പെട്ട് വീട്ടില്‍ അസ്വാഭാവിക പെരുമാറ്റം പ്രകടിക്കുമ്പോഴായിരിക്കും രക്ഷിതാക്കള്‍ ഇതിനെ പറ്റി അറിയുന്നത്. അപ്പോഴേക്കും പ്രശ്നം കൈവിട്ടുപോവുകയും ചെയ്യും.

അടുത്തിടെ ഈ പ്രദേശത്തെ ഒരു സര്‍ക്കാര്‍ വിദ്യലയത്തിന്‍റെ പരിസരത്ത് നിന്ന് ഒരു വിദ്യാര്‍ഥി ഒരു പൊതു പ്രവര്‍ത്തകന്‍റെ സ്കൂട്ടറില്‍ കയറി യാത്രക്കിടയില്‍ കുട്ടിയുമായുള്ള സൗഹൃദ സംഭാഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഈ പൊതു പ്രവര്‍ത്തകനോട്‌ കുട്ടി വെളിപ്പെടുത്തിയത് കാല്‍ പാദത്തിനടിയില്‍ ഒരു ചെറിയ മുറിവുണ്ടാക്കി അതില്‍ ലഹരിയുണ്ടാക്കുന്ന ഒരു തരം സ്റ്റിക്കര്‍ ഒട്ടിക്കുന്നതിനെ പറ്റിയാണ് വിദ്യാര്‍ഥി പറഞ്ഞത്.

അവന്‍റെ കൂട്ടുകാരായ 16 പേര്‍ ഇത്തരം സ്റ്റിക്കര്‍ ഒട്ടിക്കുന്നുണ്ടെത്രേ. പൊതു പ്രവര്‍ത്തകന്‍റെ സമയോചിതമായ ഇടപെടല്‍ മൂലമാണ് സ്കൂള്‍ അധികൃതരുടെയും രക്ഷിതാക്കളുടെയും സഹായത്താല്‍ കുട്ടികളെ ഈ വലയില്‍ നിന്ന് രക്ഷിക്കാനായത്. പോലീസിന്‍റെയും കൗണ്‍സിലര്‍മാരുടേയും സഹകരണം തദവസരത്തിലുണ്ടായിരുന്നു. കഞ്ചാവ്, മയക്കുമരുന്ന്, സ്റ്റാമ്പ്‌, പശ, ചുമക്കുള്ള മരുന്ന് തുടങ്ങിയ അധികൃതര്‍ക്ക് പോലും പിടികിട്ടാത്ത സാധനങ്ങളാണ് ഇന്ന് ലഹരിയായി ഉപയോഗിക്കുന്നത്.

ഇത്തരം സിന്തറ്റിക്ക് ഡ്രഗുകള്‍ തിരിച്ചറിയാന്‍ പോലും കഴിയില്ലെന്നാണ് നര്‍ക്കോട്ടിക് വിഭാഗത്തിലെ വിദഗ്ദര്‍ പറയുന്നത്. ഹാഷിഷ്, ലഹരി ഗുളികകള്‍, കഞ്ചാവ് എന്നിവ ഈ അടുത്ത കാലത്തായി ഈ പ്രദേശത്ത് നിന്ന് അധികൃതര്‍ പിടികൂടിയിട്ടുണ്ട്. കുട്ടികള്‍ക്ക് പങ്കുള്ള പല കേസുകളും പോലീസ് പുറത്തറിയിക്കാതെ ബോധവല്‍ക്കരണത്തിലൂടെയും കൗണ്‍ലിങ്ങിലൂടെയും അവസാനിപ്പിക്കാറാണ് പതിവ്.

16  വയസ്സ് മുതല്‍ ലഹരി ഉപയോഗിക്കാന്‍ തുടങ്ങുന്ന കുട്ടികള്‍ 19,20 വയസ്സാകുമ്പോഴേക്കും ഇതിന് അടിമകളാകും. ആസ്ത്രേലിയ, ബ്രസീല്‍ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന ലഹരി വസ്തുക്കളുടെയും അതിന്‍റെ ഉപയോഗ രീതികളേയും ഇന്‍റര്‍ നെറ്റിലൂടെയാണ്  കുട്ടികള്‍    മനസ്സിലാക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

ഇന്‍റര്‍നെറ്റ് കൊണ്ടുള്ള ഗുണ വശങ്ങളെക്കാള്‍ കുട്ടികളെ ആകര്‍ഷിക്കുന്നത് ഇത്തരം ചീത്ത കാര്യങ്ങളാണ്. ഇന്‍റര്‍നെറ്റ് ഗെയിമിലൂടെയാണ് കുട്ടികള്‍ ഇവ പരിചയപ്പെടുന്നത്. നഗരങ്ങളില്‍ മാത്രമല്ല നാട്ടിന്‍ പുറങ്ങളിലും പെണ്‍കുട്ടികളിലേക്കും ലഹരി ഉപയോഗം വ്യാപിച്ചിട്ടുണ്ടെന്നും     അവര്‍ വെളിപ്പെടുത്തി. കുടുംബ  ബന്ധങ്ങളിലെ വിള്ളലുകളും ഇന്‍റര്‍നെറ്റിനെ കുറിച്ചുള്ള രക്ഷിതാക്കളുടെ അറിവില്ലായ്മയുമൊക്കെയാണ് കുട്ടികളെ ഇതിലേക്ക് നയിക്കുന്നത്.

ലഹരി വസ്തുക്കള്‍ പിടികൂടുകയും കുറ്റവാളികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യാന്‍ ചുമതലപ്പെട്ട എക്സൈസ് വകുപ്പിന് പരിമിതികളെറെയാണ്.

8 പഞ്ചായത്തുകളും ഒരു മുന്‍സിപ്പാലിറ്റിയും ഉള്‍ക്കൊള്ളുന്ന അധികാര പരിധിയില്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ എക്സൈസ് ഓഫീസില്‍  ഉദ്യോഗസ്ഥരുടെ അംഗ സംഖ്യ വളരെ കുറവാണ്. കോടതി ഡ്യൂട്ടിക്കും പാറാവിനുമായി വീതിച്ചു കഴിഞ്ഞാല്‍ റെയ്ഡിനും പരിശോധനക്കുമായി ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ കഴിയില്ലെന്നാണ് അവരുടെ പരാതി.

(ഈ വാര്‍ത്തയെ കുറിച്ച് വിദ്യഭ്യാസ വിദഗ്ദര്‍, പോലീസ് മേധാവികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പൊതു പ്രവര്‍ത്തകര്‍ എന്നിവരുടെ അഭിപ്രായങ്ങള്‍ വരും ദിവസങ്ങളില്‍ കുന്ദമംഗലം ന്യൂസ് പ്രസിദ്ധീകരിക്കും)

വായനക്കാര്‍ക്കും അവരുടെ പ്രതികരണങ്ങള്‍ അയക്കാം.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read