മടവൂര്‍ സി.എം. മഖാം ശരീഫിലെ ഇരുപത്തിയെട്ടാം ഉറൂസ് മുബാറക് ഇന്ന് മുതല്‍ 23 വരെ നടക്കും

By | Sunday June 17th, 2018

SHARE NEWS
കുന്ദമംഗലം: ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ സി.എം. മഖാം ശരീഫിലെ ഇരുപത്തിയെട്ടാം ഉറൂസ് മുബാറക് ഇന്ന് (തിങ്കള്‍) മുതല്‍ 23 വരെ മടവൂരില്‍ നടക്കും. സി.എം. വലിയുള്ളാഹിയുടെ നിര്യാണത്തോടെ വിശ്വാസികള്‍ അവരുടെ അന്ത്യവിശ്രമ കേന്ദ്രമായ സി.എം. മഖാം ശരീഫിലേക്ക് ലക്ഷ്യ സാക്ഷാത്ക്കാരത്തിനായി എത്തിക്കൊണ്ടിരിക്കുകയാണ്. ദിവസേന ആയിരങ്ങള്‍ രോഗശമനത്തിനും ആത്മശാന്തിക്കുമായി ഇവിടം സന്ദര്‍ശിക്കുന്നു.
സി.എം. അവര്‍കളുടെ ആത്മീയ സാന്നിധ്യത്തോടെ ഈ പ്രദേശം ദക്ഷിണേന്ത്യയിലെ സുപ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. സി.എം. മഖാം ശരീഫ് നിലവില്‍ വന്നതോടെ മത-ഭൗതിക വിദ്യാഭ്യാസ സാംസ്‌കാരിക സാമൂഹിക രംഗങ്ങളില്‍ മടവൂര്‍ പുരോഗതി പ്രാപിക്കുകയും പള്ളി ദര്‍സ്, ജാമിഅ അശ്അരിയ്യ ഇസ്‌ലാമിക് ആര്‍ട്‌സ് കോളേജ്, സെക്കന്ററി മദ്രസകള്‍, യതീംഖാന, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകള്‍, ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ എന്നിവ കമ്മറ്റിയുടെ കീഴില്‍ സ്തുത്യര്‍ഹമായ രീതിയില്‍ നടന്നുവരികയും ചെയ്യുന്നു.  ഇതുവഴി നാടിന്‍റെ  നാനാഭാഗത്തുമുള്ള അനേകായിരങ്ങള്‍ക്ക് സ്ഥാപനത്തിന്റെ പ്രയോജനം ലഭിക്കുന്നു. 
ഈ വര്‍ഷത്തെ ഉറൂസ് മുബാറകിന് ഇന്ന് രാവിലെ 9.30ന് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന മഖാം സിയാറത്തോടെ തുടക്കമാവും. തുടര്‍ന്ന് സ്വാഗതസംഘം ചെയര്‍മാന്‍ സി.എം. കുഞ്ഞിമാഹിന്‍ മുസ്‌ലിയാര്‍ പതാക ഉയര്‍ത്തും. 10.15 ന് നടക്കുന്ന ഓത്തിടല്‍, മൗലിദ് സദസ്സിന് ഒളവണ്ണ അബൂബക്കര്‍ ദാരിമി, അബ്ദുള്ള മുസ്‌ലിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് 10.30 ന് നടക്കുന്ന ഹജ്ജ് പഠന ക്ലാസ് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും.
വില്ല്യാപ്പള്ളി ഇബ്രാഹിം മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്ന ക്ലാസില്‍ എം.കെ. രാഘവന്‍ എം.പി മുഖ്യാതിഥിയായി പങ്കെടുക്കും. വൈകിട്ട് 7 മണിക്ക് നടക്കുന്ന അനുസ്മര സമ്മേളനവും മജ്‌ലിസുന്നൂറും കെ.പി. മാമു ഹാജിയുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത മുശാവറ അംഗം മാണിയൂര്‍ അഹമ്മദ് മുസ്‌ലിയാര്‍ മജ്‌ലിസുന്നൂറിന് നേതൃത്വം നല്‍കും. അബ്ദുല്‍ മജീദ് ബാഖവി കാസര്‍ഗോഡ് അനുസ്മരണ പ്രഭാഷണം നടത്തും. ജൂണ്‍ 19 ന് രാത്രി 8 മണിക്ക് നടക്കുന്ന മതപ്രഭാഷണ വേദി സയ്യിദ് അത്വാഉള്ള തങ്ങള്‍ മഞ്ചേശ്വരം ഉദ്ഘാടനം ചെയ്യും.
മലബാറിലെ മഹാരഥന്മാര്‍ എന്ന വിഷയത്തില്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തും. ജൂണ്‍ 20 ന് ബുധനാഴ്ച രാത്രി 8 മണിക്ക് സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യുന്ന മതപ്രഭാഷണ വേദിയില്‍ പകര്‍ത്തിയും പകര്‍ന്നും അവര്‍ പകരങ്ങളില്ലാതെ എന്ന വിഷയത്തില്‍ അഷ്‌റഫ് റഹ്മാനി കാസര്‍ഗോഡ് പ്രഭാഷണം നടത്തും. ജൂണ്‍ 21 വ്യാഴാഴ്ച ജാമിഅ അശ്അരിയ്യ സദന് ദാന സമ്മേളനം നടക്കും. രാവിലെ 9 ന് പ്രഥമ സെഷനില്‍ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. നാസര്‍ ഫൈസി കൂടത്തായ് മുഖ്യ പ്രഭാഷണം നടത്തും. ഐ.എ.എസ്. സെലക്ഷന്‍ നേടിയ ഷാഹിദ് തിരുവള്ളൂരിന് ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിക്കും.
10 മണിക്ക് നടക്കുന്ന രണ്ടാം സെക്ഷന്‍ മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ ഉദ്ഘാടനം ചെയ്യും. ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍, ഉമറുല്‍ ഫാറൂഖ് അശ്അരി എന്നിവര്‍ പ്രഭാഷണം നടത്തും. ഉച്ചക്ക് 2 മണിക്ക് ആരംഭിക്കുന്ന  സെമിനാറില്‍ അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, കെ.എം. ഷാജി എം.എല്‍.എ, എ. സജീവന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. അബൂബക്കര്‍ ഫൈസി മലയമ്മ മോഡറേറ്ററാകും. വൈകിട്ട് 4 മണിക്ക് അശ്അരി സംഗമവും 7 മണിക്ക് സ്വലാത്ത് മജ്‌ലിസും നടക്കും. തുടര്‍ന്ന് നടക്കുന്ന സനദ്ദാന സമ്മേളനം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അദ്ധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
ജാമിഅ അശ്അരിയ്യയില്‍ പഠനം പൂര്‍ത്തിയാക്കിയ യുവ പണ്ഡിതര്‍ക്ക് തങ്ങള്‍ സനദ് നല്‍കും. എം.ടി. അബ്ദുള്ള മുസ്ലിയാര്‍ സനദ് ദാന പ്രഭാഷണവും പി.കെ.പി. അബ്ദുസ്സലാം മുസ്ല്യാര്‍ മുഖ്യ പ്രഭാഷണവും നിര്‍വ്വഹിക്കും. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി മുഖ്യാതിഥിയായി പങ്കെടുക്കുന്ന പ്രസ്തുത ചടങ്ങില്‍ മത സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. സത്താര്‍ പന്തല്ലൂര്‍ സമാപന പ്രഭാഷണം നിര്‍വ്വഹിക്കും.
 
  ജൂണ്‍ 22 ന് വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് നടക്കുന്ന ദിക്‌റ് ദുആ സമ്മേളനം പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാരുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് എന്‍.പി.എം സൈനുല്‍ ആബിദീന്‍ തങ്ങള്‍, അത്തിപ്പറ്റ മുഹ്‌യിദ്ദീന്‍കുട്ടി മുസ്ല്യാര്‍, കൊയ്യോട് ഉമര്‍ മുസ്ല്യാര്‍, വാവാട് പി.കെ. കുഞ്ഞിക്കോയ മുസ്ല്യാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്ന ചടങ്ങില്‍ കേരളത്തിലെ പ്രമുഖരായ സയ്യിദന്മാരും പണ്ഡിതന്മാരും പങ്കെടുക്കും. 23ന് രാവിലെ മുതല്‍ വൈകിട്ട് വരെ നടക്കുന്ന അന്നദാനത്തോടെ ഉറൂസ് മുബാറകിന് സമാപനം കുറിക്കും. ആറ് ദിവസങ്ങളിലായി നടക്കുന്ന ഉറൂസ് മുബാറകിന്റെ വിവിധങ്ങളായ പരിപാടികള്‍ക്കെത്തുന്ന വിശ്വാസികളെ സ്വീകരിക്കാന്‍ വിപുലമായ സൗകര്യങ്ങളാണ് സ്വാഗതസംഘം കമ്മറ്റി ഒരുക്കിയിരിക്കുന്നത്. 

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read