മദ്രസ അധ്യാപകരുടെ ക്ഷേമ പദ്ധതികള്‍

By | Wednesday January 30th, 2019

SHARE NEWS


കോഴിക്കോട്: മദ്രസാധ്യാപകരുടെ ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളാകുവാന്‍ വേണ്ടി മദ്രസ ക്ഷേമനിധി ബോര്‍ഡ് സംസ്ഥാനത്തുടനീളം ജില്ലാതല കേന്ദ്രങ്ങളില്‍ ക്യാമ്പയിന്‍ നടത്തി വരുന്നു. മദ്രസ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങളും അംഗങ്ങളാവുന്നവര്‍ക്ക് ലഭിക്കുന്ന പ്രയോജനവും വിവരിക്കുകയാണ് മുഖ്യ ലക്ഷ്യം.

കുട്ടികള്‍ക്ക് മത-ധര്‍മബോധത്തിന്റെ അക്ഷരവെളിച്ചം പ്രഥമമായി പകര്‍ന്നു കൊടുക്കുന്നവരാണ് മദ്രസാധ്യാപകര്‍.
ഒരു പക്ഷെവളരെയധികം സാമ്പത്തിക, സാമൂഹ്യ പരാധീനത അനുഭവിക്കുന്നവരും ഇവര്‍ തന്നെ.കേരളത്തില്‍ രണ്ട് ലക്ഷത്തിലധികം മദ്രസാധ്യാപകര്‍ ഇപ്പോള്‍ സേവന രംഗത്തുണ്ടെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.

മദ്രസാധ്യാപകരുടെ ക്ഷേമത്തിനായി ബഹുമുഖമായ പദ്ധതികളുമായി കേരള സര്‍ക്കാറിന്റെ കീഴില്‍ കേരള മദ്രസാധ്യാപക ക്ഷേമനിധി ബോഡ് 2010 മെയ് മുതല്‍ നിലവില്‍ വന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. മദ്രസാധ്യാപകര്‍ക്ക് നിശ്ചയിക്കപ്പെട്ട ബഹുമുഖമായ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ മദ്രസാധ്യാപകര്‍ ഈ ക്ഷേമനിധിയില്‍ അംഗങ്ങളായി ചേരേണ്ടതുണ്ട്. 2010 ജൂണ്‍ മുതല്‍ ഇപ്രകാരം അംഗങ്ങളെ ചേര്‍ത്തു തുടങ്ങിയിട്ടുണ്ട്. ഇങ്ങനെ അംഗങ്ങളായി ഇത് വരെ ചേര്‍ന്നവര്‍ ഇരുപതിനായിരത്തോളമാണ്. 2006 ലെ സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുസ്ലിം ന്യൂനപക്ഷത്തിന്റെ ദയനീയമായ സാമ്പത്തിക, സാമൂഹിക ദുസ്ഥിതി പരിഹരിക്കുന്നതിന്റെ ഭാഗമായി ചെയ്തുവരുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് 2010ല്‍ കേരളത്തില്‍ മദ്രസാധ്യാപക ക്ഷേമനിധി ബോഡ് രൂപം കൊണ്ടത്.

ആര്‍ക്കൊക്കെ ചേരാം

മദ്രസാധ്യാപകര്‍ക്ക് പുറമെ മതബോധനം നല്‍കുന്ന നഴ്‌സറി സ്‌കൂള്‍ ടീച്ചര്‍മാര്‍, മദ്രസകളല്ലാത്ത മത കലാലയങ്ങളിലെ മതാധ്യാപകര്‍, പള്ളിയിലെ ഇമാം, മുഅദ്ദിന്‍ എന്നിങ്ങനെ കേരളത്തില്‍ റസിഡന്‍ഷിയുള്ളവര്‍ക്കെല്ലാം ഇതില്‍ അംഗമായി ചേരാം.

എങ്ങനെ ചേരാം

100 രൂപ മാസാന്ത ഘഡു എന്ന നിലയില്‍ അടക്കണം. ഇതില്‍ 50 രുപ അധ്യാപകനും 50 രൂപ മാനേജിംഗ് കമ്മിറ്റിയുമാണ് വഹിക്കേണ്ടത്.ഇതിന് അംശദായം എന്നാണ് പറയുക

20 വയസ്സിനും 55 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അംഗത്വമെടുക്കാം.2019 മാര്‍ച്ച് 31ന് മുമ്പ് ചേരുകയാണെങ്കില്‍ 55 വയസ്സിനും 65 വയസ്സിനും ഇടയിലുള്ളവര്‍ക്കും അംഗത്വമെടുക്കാന്‍ അവസരമുണ്ടായിരിക്കും.

മലയാളത്തിലുള്ള 4 പേജുള്ള നിശ്ചിത ഫോറത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.( നിര്‍ദേശങ്ങള്‍ ഇതിന്റെ നാലാം പേജില്‍ വിശദമായുണ്ട്). ഇതിന്റെ ജില്ലാതല യോഗത്തില്‍ പങ്കെടുത്ത വിവിധ മതസംഘടനാ ജില്ലാ ഭാരവാഹികളില്‍ നിന്നു ഇതിന്റെ ഫോറം ലഭിക്കുന്നതാണ്.

എന്തൊക്കെയാണ് ആനുകൂല്യം

കേരള സര്‍ക്കാറിന്റെ കീഴിലുള്ള കേരള മദ്രസാധ്യാപക ക്ഷേമനിധി ബോഡില്‍ അംഗത്വമെടുത്തവര്‍ക്ക് ലഭിക്കുന്ന ക്ഷേമ പദ്ധതികളില്‍ ചിലത് താഴെ കൊടുക്കാം:

65വയസ്സിന് ശേഷം 1000 രൂപ മുതല്‍ 5220 രൂപ വരെ മാസാന്ത പെന്‍ഷന്‍ ലഭിക്കും.

ചികിത്സാ സഹായമായി 5000 രൂപ മുതല്‍ 25000 രൂപ വരെ അധ്യാപകര്‍ക്ക് ലഭിക്കും.

രണ്ടര ലക്ഷം രൂപ പലിശ രഹിത ഭവന വായ്പയായി ലഭിക്കും .ഇത് 84 മാസം കൊണ്ട് തിരിച്ചടച്ചാല്‍ മതി. (ഇത് 6 ലക്ഷമാക്കി വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട്)

പ്രസവാനുകൂല്യമായി 15,000 രൂപയും വിവാഹാനുകൂല്യമായി 10,000 രൂപയും ധന സഹായം ലഭിക്കുന്നതാണ്.
(വിവാഹത്തിന് 2 ലക്ഷം രൂപ പലിശ രഹിത വായ്പാ ആനുകൂല്യം അനുവദിച്ചു കിട്ടാന്‍ ശുപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട്.)

ക്ഷേമനിധിയില്‍ അംഗത്വമെടുത്ത അധ്യാപകരുടെ കുട്ടികള്‍ക്ക് SSLC യില്‍ ഫുള്‍ A+ കിട്ടുകയാണെങ്കില്‍ 2000 രൂപ സമ്മാനമായി ലഭിക്കുന്നതാണ്.

അംഗങ്ങളായി ചേരുന്ന അധ്യാപകര്‍ അടക്കുന്ന അംശദായ വിഹിതവും സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്റും കാലാകാലങ്ങളില്‍ ബജറ്റില്‍ നീക്കിവെക്കുന്ന സാമ്പത്തിക വിഹിതവുമാണ് മുകളില്‍ കാണിച്ച ബഹുമുഖമായ ക്ഷേമ പദ്ധതികളുടെ സാമ്പത്തിക സ്‌റോതസ്സ്.

തികച്ചും പലിശ രഹിതമായ ഈ ക്ഷേമനിധിയില്‍ കൂടുതല്‍ പേര്‍ അംഗത്വമെടുക്കുമ്പോള്‍ മാത്രമേ ഇതിന്റെ ക്ഷേമ പദ്ധതികള്‍ കൂടുതല്‍ വിപുലമാക്കാന്‍ കഴിയുകയുള്ളൂവെന്ന് സര്‍ക്കാന്‍ നിയമിച്ച ഇപ്പോഴത്തെക്ഷേമ ബോഡ് ചെയര്‍മാനായ എം.പി.അബ്ദുല്‍ ഗഫൂറും ക്ഷേമ ബോഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ പി.എം.അബ്ദുല്‍ഹമീദും അറിയിച്ചിട്ടുണ്ട്.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read