പിഞ്ചുകുട്ടികളിലെ വൃക്കരോഗം: മെഡി.കോളേജില്‍ നൂതന ചികിത്സക്ക് ഒ.പി

By | Monday March 25th, 2019

SHARE NEWS

 


മെഡിക്കല്‍ കോളേജ്: ചെറിയ കുട്ടികളുടെ ജീവന്‍ അപഹരിക്കുന്നതിന് കാരണമാവുന്നന വൃക്കരോഗത്തിന് മെഡിക്കല്‍ കോളേജില്‍ വികസിപ്പിച്ചെടുത്ത നൂതന ചികിത്സയ്ക്കായുള്ള ഒ പി ക്ലിനിക് മെയ്മാസത്തില്‍ ആരംഭിക്കും. പീഡിയാട്രിക് സര്‍ജറി ഒപിയോട് ചേര്‍ന്ന് വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാവിലെ 10.30 മുതല്‍ 12.30 വരെയാണ് ഒ പി പ്രവര്‍ത്തിക്കുക. ക്രമേണ മറ്റ് മെഡിക്കല്‍ കോളേജുകളിലും ചികിത്സ ആരംഭിക്കും.

എന്‍ഡോസ്‌കോപ്പി പരിശോധനയും അതിസങ്കീര്‍ണമായ സര്‍ജറിയും ഉള്‍പ്പെടുന്ന ചികിത്സാരീതി അവലംബിച്ചതിലൂടെ അസുഖബാധിതരായ ആയിരത്തിലേറെ കുട്ടികളെ മരണത്തില്‍നിന്ന് രക്ഷിക്കാന്‍ കഴിഞ്ഞതോടെയാണ് ഒ പി ക്ലിനിക്ക് പ്രവര്‍ത്തനമാരംഭിക്കുന്നത്. മെഡിക്കല്‍ കോളേജിലെ വൈസ് പ്രിന്‍സിപ്പലും പീഡിയാട്രിക് സര്‍ജറി വിഭാഗം പ്രൊഫസറുമായ ഡോ. പ്രതാപ് സോമനാഥിന്റെ നേതൃത്വത്തില്‍ വര്‍ഷങ്ങളോളം നടന്ന ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്ത നൂതന ചികിത്സയാണിത്.

ജനനം മുതല്‍ ആറു വയസ്സുവരെയുള്ള ആണ്‍കുട്ടികളെയാണ് ഈ രോഗം ബാധിക്കുന്നത്. മൂത്രനാളിയിലെ വാല്‍വിനുണ്ടാകുന്ന തകരാറാണ് രോഗം മൂര്‍ഛിച്ച് മരണത്തിലേക്ക് നയിക്കപ്പെടുന്നത്. മൂത്രതടസ്സം വന്നാല്‍ സാധാരണ ചികിത്സയില്‍ സര്‍ജറി നടത്തി തടസ്സം മാറ്റുകയാണ് ചെയ്യുന്നത്. ഇങ്ങനെ പുറത്തിറങ്ങുന്ന കുട്ടികളുടെ വൃക്കയ്ക്ക് ഹൈപ്പര്‍ടെന്‍ഷന്‍ നിലനില്‍ക്കുകയും കുറഞ്ഞകാലംകൊണ്ട് പ്രവര്‍ത്തനം നിലച്ച് കുട്ടി മരണപ്പെടുന്ന സ്ഥിതിയിലെത്തുന്നു. കുറഞ്ഞ വയസ്സിനുള്ളില്‍ നിരന്തര ഓപ്പറേഷനുകളും സ്‌കാനിങ്ങും ആന്റിബയോട്ടിക് ചികിത്സയും ഡയാലിസിസും മൂലം കുട്ടിയുടെ അവസ്ഥ അതിദയനീയമായി മാറുന്നു. ഇത്തരം കുട്ടികളില്‍ 100ല്‍ 85 പേരും മരണമടയുന്നു.

മൂത്രതടസ്സമുള്ള കൂട്ടിയെ പിറവിയില്‍ തന്നെ കണ്ടെത്തി ചികിത്സിക്കുന്നതാണ് നൂതന രീതി. വൃക്കയും മൂത്രസഞ്ചിയും ബന്ധിപ്പിക്കുന്ന ട്യൂബില്‍ മൂത്രം കെട്ടിക്കിടക്കുന്നതായി കണ്ടെത്തിയാല്‍ ജനന സമയത്തുതന്നെ കുഞ്ഞിന്റെ വയറിന്റെ ഭിത്തിയിലേക്ക് ട്യൂബിനെ തുന്നിപ്പിടിപ്പിക്കുന്ന ശസ്ത്രക്രിയ ചെയ്യുന്നു. ഇതിനാല്‍ മൂത്രസഞ്ചിയുടെ ഇലാസ്തികത നഷ്ടമാകാതെ വൃക്കയില്‍ ഹൈപ്പര്‍ടെന്‍ഷന്‍ വരാതെ നിലനിര്‍ത്തി സംരക്ഷിക്കാന്‍ കഴിയും.നിലവിലുള്ള ചികിത്സയുടെ ദുരിതങ്ങളില്‍നിന്ന് പൂര്‍ണമായി കുട്ടി മോചിപ്പിക്കപ്പെടുന്നു എന്നതാണ് മോഡിഫൈഡ് സോബര്‍ യൂണിറ്ററോബ് സ്റ്റമിന്‍ എന്ന പേരില്‍ അറിയപ്പെടുന്ന നൂതന ചികിത്സയുടെ പ്രധാന നേട്ടമെന്ന് ഡോ. പ്രതാപ് സോമനാഥ് പറഞ്ഞു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് കോഴിക്കോട് ജില്ലയിലാണെന്നതും നിലവിലുള്ള ചികിത്സക്കൊടുവില്‍ കുട്ടികളില്‍ ഭൂരിഭാഗവും മരണപ്പെടുന്നു എന്ന കണ്ടെത്തലുമാണ് പുതിയ ചികിത്സാ രീതി കണ്ടെത്താന്‍ പ്രേരണയായത്. പീഡിയാട്രിക് സര്‍ജന്‍മാരുടെ ദേശീയ സെമിനാറില്‍ ഇതുമായി ബന്ധപ്പെട്ട പ്രബന്ധം അവതരിപ്പിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read