രണ്ട് കൈയും ഇല്ലെങ്കിലും ഒരു കാല് ചെറുതാണെങ്കിലും പോരാട്ട വീര്യമുയർത്തി പന്ത്രണ്ടുകാരൻ

By | Tuesday November 20th, 2018

SHARE NEWS

 

മുക്കം: രണ്ട് കൈയും ഇല്ലെങ്കിലും ഒരു കാല് ചെറുതാണെങ്കിലും മുഹമ്മദ് ആസിമിന് പോരാട്ട വീര്യത്തിന് യാതൊരു കുറവുമില്ല. താൻ പഠിക്കുന്ന വെളിമണ്ണ ജി.എം.യു.പി.സ്കൂൾ ഹൈസ്കൂളായി ഉയർത്താനും അംഗ പരിമിതനായ തനിക്ക് തുടർപഠനത്തിന് സ്വന്തം നാട്ടിൽ സൗകര്യമുണ്ടാക്കാനും വൻ ജനകീയ പങ്കാളിത്തത്തോടെ പോരാട്ട ഭൂമിയിൽ നിലയുറപ്പിച്ച പന്ത്രണ്ടുകാരനായ മുഹമ്മദ് ആസിമിന്റെ തികഞ്ഞ ആത്മവിശ്വാസത്തോടെയും ആർജ്ജവത്തോടെയുമുള്ള വാക്കുകൾ സദസിനെ കോരിത്തരിപ്പിച്ചു. ചേന്ദമംഗലൂരിൽ ഇസ് ലാഹിയ സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മുഹമ്മദ് ആസിം.

നാലാം തരം വരെയുണ്ടായിരുന്ന വെളിമണ്ണ ജി.എം. എൽ.പി സ്കൂൾ ആസിമിന്റെ ആവശ്യം പരിഗണിച്ച് ഉമ്മൻച്ചാണ്ടി സർക്കാർ യു.പി.സ്കൂളായി ഉയർത്തിയിരുന്നു. എന്നാൽ ഏഴാം ക്ലാസ് കഴിഞ്ഞ് എട്ടാം തരം പഠിക്കാനായി ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യണമെന്ന അവന്റെയും നാട്ടുകാരുടെയും ആവശ്യം പിണറായി സർക്കാർ തള്ളുകയാണുണ്ടായത്.

നിയമയുദ്ധം നടത്തി ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ അനുകൂല വിധി സമ്പാദിച്ചെങ്കിലും സർക്കാർ അപ്പീലിന് പോയതിനാൽ പാതി വഴിയിൽ തന്റെ പഠനം മുടങ്ങിയതിന്റെ സങ്കടവും പ്രതിഷേധവും അവന്റെ വാക്കുകളിൽ പ്രകടമായിരുന്നു. നാടിന് വേണ്ടിയും തന്നെപ്പോലുള്ള ആയിരങ്ങൾക്ക് വേണ്ടിയുമുള്ള ഈ അവകാശ പോരാട്ടം അവസാന ശ്വാസം വരെ മുന്നോട്ട് കൊണ്ടു പോകുമെന്ന അവന്റെ ധീരമായ പ്രഖ്യാപനം വൻ കരഘോഷത്തോടെയാണ് സദസ് ഏറ്റെടുത്തത്.

ഓമശേരി പഞ്ചായത്തിൽ ഒരു ഗവൺമെൻറ് ഹൈസ്കൂൾ പോലുമില്ലെന്നും സ്വകാര്യ – എയ്ഡഡ് സ്കൂളുകളുടെ ശക്തമായ സമ്മർദ്ദമാണ് തന്റെ ആവശ്യം നിരാകരിക്കപ്പെട്ടതുമെന്നും ആസിമും നാട്ടുകാരും സംശയിക്കുന്നു. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം തന്റെ വിദ്യാലയത്തെ ഹൈസ്കൂളായി ഉയർത്താൻ സർക്കാറിന് ബാധ്യതയുണ്ടെന്നും ഈ ആവശ്യം ഉന്നയിച്ച് ജനാധിപത്യ രീതിയിൽ ശക്തമായ സമര മാർഗ്ഗങ്ങളിലേക്ക് നീങ്ങുമെന്നും അതിന് കേരള ജനതയുടെ പിന്തുണ വേണമെന്നും ആസിം പറഞ്ഞു. ഹൈക്കോടതിയിൽ നിന്നും അനുകൂല വിധി ഉണ്ടാകുമെന്നും സർക്കാർ ഈ അപ്പീലിൽ നിന്ന് പിന്തിരിയുമെന്ന് പ്രതീക്ഷിക്കുന്നതായും ആസിമിന്റ പിതാവ് മുഹമ്മദ് ഷഹീദ് പറഞ്ഞു. മെഡിക്കൽ ക്യാമ്പിലെ ഓർത്തോ വിഭാഗം ഡോക്റ്ററെയും സന്ദർശിച്ചാണ് ആസിമും പിതാവും മടങ്ങിയത്.

 

Tags: , , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read