SHARE NEWS
കുന്ദമംഗലം: ദേശീയ പാത 766 ല്‍ കാരന്തൂര്‍ മെഡിക്കല്‍കോളേജ് ജങ്ക്ഷനില്‍ രൂപപ്പെട്ട കുഴി അപകട ഭീഷണി ഉയര്‍ത്തുന്നു. മഴ പെയ്താല്‍ കുഴി നിറയുന്നതോടെ ഇവിടെ വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവായിരിക്കുകയാണു. റോഡിലെ കുഴി മറികടക്കാന്‍ വാഹനങ്ങള്‍ എതിര് ദിശയിലൂടെ ഓടിക്കുന്നതും അപകടത്തിനു കാരണമാകുന്നുണ്ട്. മെഡിക്കല്‍കോളേജ് റോഡില്‍ നിന്ന് വാഹനങ്ങള്‍ ചെറിയ ഇറക്കം ഇറങ്ങി വന്ന് റോഡിലെ കുഴിയില്‍ അകപ്പെടുന്നതോടെ ഗതാഗത തടസം ഉണ്ടാകാനും കാരണമാകുന്നു.
മെഡിക്കല്‍കോളേജ് റോഡില്‍ അഴുക്കുചാല്‍ ഇല്ലാത്തത് കൊണ്ട് ഈ റോഡില്‍ നിന്ന് ശക്തമായി ഒലിച്ചു വരുന്ന മഴവെള്ളം ദേശീയപാതയില്‍ പതിച്ചാണ് കുഴി രൂപപ്പെടുന്നത്. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ റോഡില്‍ ടൈല്‍സ് പാകാന്‍ ആലോചന നടത്തിയിരുന്നെങ്കിലും ദേശീയപാതയ അടച്ചിട്ട് പണി നടത്താന്‍ സാധിക്കില്ലെന്ന് ട്രാഫിക് പോലീസ് അറിയിച്ചതോടെ ദേശീയപാത വിഭാഗം ഇതില്‍ നിന്ന് പിന്മാറുകയായിരുന്നു. മെഡിക്കല്‍കോളേജ് റോഡില്‍ നിന്ന് വരുന്ന വെള്ളം അഴുക്കുചാല്‍ നിര്‍മ്മിച്ച് ദേശീയ പാതയിലേക്ക് കടത്തിവിടുകയോ അല്ലെങ്കില്‍ ഇവിടെ ടൈല്‍സ് വിരിക്കുകയോ ചെയ്താല്‍ മാത്രമേ ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയുകയുള്ളൂ.