കോഴിക്കോട്: നിപ വൈറസ് ബാധിച്ച മൂന്നുപേര്‍ രോഗത്തെ അതിജീവിച്ചതായി കണ്ടെത്തല്‍. അമേരിക്കന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്റ് പ്രിവന്‍ഷന്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് കണ്ടെത്തലിനെക്കുറിച്ച് പറയുന്നത്.
നിപ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തിന്റെ ഭാഗമായി വൈറസ് ബാധിച്ചവരുമായി ഇടപഴകിയ 155 ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 279 പേരുടെ രക്തസാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് 18 പേരെക്കൂടാതെ മൂന്നുപേര്‍ക്ക് കൂടി വൈറസ് ബാധയുണ്ടായിയെന്ന് കണ്ടെത്തിയത്. ഈ മൂന്നുപേരുടെ ശരീരത്തില്‍ നിപ വൈറസിനെതിരായ ആന്റി ബോഡി കണ്ടെത്തുകയായിരുന്നു. ഇവരില്‍ ആര്‍ക്കും തന്നെ നിപ രോഗിയുമായി ഇടപഴകിയശേഷം നിരീക്ഷണ കാലയളവില്‍ എന്തെങ്കിലും തരത്തിലുള്ള പനിയോ അസ്വസ്ഥതകളോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ലേഖനത്തില്‍ പറയുന്നു.
ശരീരം സ്വയം പ്രതിരോധശേഷി ആര്‍ജിച്ചതിനാലാണ് മൂന്നുപേരും രക്ഷപ്പെട്ടതെന്നാണ് വിലയിരുത്തല്‍. ഉയര്‍ന്ന പ്രതിരോധശേഷിയുള്ളവരായതുകൊണ്ടോ വൈറസുകളുടെ എണ്ണം കുറഞ്ഞതുകൊണ്ടോ ആയിരിക്കാം ഇവരില്‍ രോഗലക്ഷണങ്ങള്‍ കാണാതിരുന്നതെന്നാണ് നിഗമനം.