ഒളവണ്ണ: സഹകരണ വകുപ്പ് നടപ്പിലാക്കുന്ന കെയര്‍ ഹോം പദ്ധതിയുടെ താലൂക്ക് തല പൂര്‍ത്തീകരണ ഉദ്ഘാടനവും, രാമനാട്ടുകര സര്‍വ്വീസ് ബാങ്ക് നിര്‍മ്മിച്ചു നല്കിയ വീടിന്റെ താക്കോല്‍ ദാനവും വി.കെ.സി. മമ്മദ് കോയ എം.എല്‍.എ നിര്‍വ്വഹിച്ചു. ഒളവണ്ണ കൈമ്പാലം നെടുവീട്ടില്‍ ഉമ്മയ്യക്കുട്ടിയ്ക്കാണ് വീട് നിര്‍മ്മിച്ചു നല്‍കിയത്. അഞ്ച് ലക്ഷം രൂപ രാമനാട്ടുകര സര്‍വ്വീസ് സഹകരണ ബാങ്കും, പൊതുജന പങ്കാളിത്തത്തോടെ സമാഹരിച്ച 1,15,000 രൂപയും ഉപയോഗിച്ച് 700 സ്ക്വയര്‍ ഫീറ്റ് വീടാണ് നിര്‍മ്മിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.ടി.എ. റഹീം എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. വീട് നിര്‍മ്മാണ കമ്മറ്റി കണ്‍വീനര്‍ കെ.നസീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.തങ്കമണി, ജോയിന്റ് രജിസ്ട്രാര്‍ ഉദയഭാനു, രാമനാട്ടുകര സര്‍വ്വീസ് സഹകരണ ബാങ്ക് വൈസ് ചെയര്മാന് ഐ.ടി. ബാലസുബ്രഹ്മണ്യന്, ചെയര്മാന് വിജയന് പി.മേനോന്, ജനറല്‍ മാനേജര്‍ പി.ജയപ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.