ഇടതുപക്ഷത്തിന്റെ കുത്തക മണ്ഡലത്തില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ അട്ടിമറി ജയം സ്വന്തമാക്കി രമ്യ ഹരിദാസ്. ഒന്നരലക്ഷത്തിലേറെ വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസിന്റെ രമ്യയുടെ മിന്നുന്ന വിജയം. കഴിഞ്ഞ തവണ പികെ ബിജു നേടിയ 37,312 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇത്തവണ രമ്യ അഞ്ചിരട്ടിയോളമാക്കി തിരുത്തിക്കുറിച്ചത്. 2008-ല്‍ ആലത്തൂര്‍ ലോക്സഭാ മണ്ഡലം രൂപീകൃതമായ ശേഷം കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും സിപിഐഎം സ്ഥാനാര്‍ഥി പികെ ബിജു വിജയിച്ച മണ്ഡലത്തിലാണ് സിറ്റിങ് എംപി ബിജുവിനെ തന്നെ അട്ടിമറിച്ച് രമ്യ ഹരിദാസ് ലോക്സഭയിലേക്കെത്തുന്നത്. രമ്യയെ അഭിനന്ദിച്ച് പി.കെ ബിജുവും രംഗത്തെത്തി.
രമ്യയുടെ വിജയത്തില്‍ കുന്ദമംഗലത്തുകാര്ക്കും അഭിമാനിക്കാം. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി മികച്ച ഭരണം നടത്തിയ ശേഷമാണ് രമ്യ ലോക്സഭയിലേക്കെത്തുന്നത്.
മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും വ്യക്തമായ ഭൂരിപക്ഷം നേടിയാണ് രമ്യയുടെ കുതിപ്പ്. യുവ വനിതാ സ്ഥാനാര്‍ഥി എന്ന നിലയില്‍ മണ്ഡലത്തിന് പുറത്തേക്ക് പോലും ലഭിച്ച അപ്രതീക്ഷിത ജനപ്രീതിയാണ് രമ്യയുടെ വിജയത്തിന് കാരണം. രമ്യയ്ക്ക് ലഭിച്ച വലിയ സോഷ്യല്‍ മീഡിയ പിന്തുണ വിജയത്തില്‍ വലിയ പങ്ക് വഹിച്ചു. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളില്‍ പാട്ടുംപാടിയുള്ള സ്ഥാനാര്‍ഥിയുടെ വോട്ടുപിടുത്തം പോലും ആലത്തൂരിലെ ജനങ്ങള്‍ക്കിടയില്‍ ഏറെ സ്വാധീനിച്ചെന്നാണ് വിലയിരുത്തല്‍. രമ്യയ്ക്കെതിരേ എ വിജയരാഘവന് നടത്തിയ അധിക്ഷേപവും പോസ്റ്റര്‍ വിവാദവും രമ്യയുടെ ദീപ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റും മണ്ഡലത്തെ സ്വാധീനിച്ചു.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന രമ്യ ഹരിദാസ് മഹിള കോണ്‍ഗ്രസ് നേതാവായിരുന്ന അമ്മ രാധയുടെ വഴിയേയാണ് പൊതുപ്രവര്‍ത്തന രംഗത്തേക്കെത്തിയത്. കെഎസ്യു വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തില്‍ കഴിവ് തെളിയിച്ചു. ആറ് വര്‍ഷങ്ങള്‍ക്കു മുമ്പ് ദേശീയ തലത്തില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിയ ടാലന്റ് ഹണ്ടിലൂടെയാണ് രമ്യ എന്ന രാഷ്ട്രീയക്കാരി വലിയതോതില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. നാടന്‍ പാട്ടുകളും മറ്റും കലര്‍ത്തിയ പ്രസംഗ ശൈലിയും ജനങ്ങള്‍ക്കിടയില്‍ ഏറെ സ്വീകരിക്കപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടിങ് കഴിഞ്ഞതിന് തൊട്ടുപിന്നാലെ കോഴിക്കോട് കുന്ദമംഗലം ബ്ലോക്കിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രമ്യ രാജി വെച്ചിരുന്നു.
;